ഭൂമിയില്‍ മാത്രമേ ജലമുള്ളൂ എന്നാണല്ലോ നാമിതുവരെ മനസ്സിലാക്കിയിരുന്നത്... എന്നാല്‍ പുതിയൊരു ജലസ്രോതസ്‌കൂടി കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സെറസ് എന്നുപേരായ ക്ഷുദ്രഗ്രഹത്തിലാണ് വാനനിരീക്ഷകര്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹമേഖലയില്‍ സ്ഥിതിചെയ്യുന്ന സെറസില്‍ ജലസാന്നിധ്യം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായാണ് സെറസ് അറിയപ്പെടുന്നത്. കനത്ത മഞ്ഞുപാളികള്‍ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഉണ്ടെന്നും സൂര്യതാപത്താല്‍ അവയില്‍നിന്നും നീരാവി ഉയരുന്നതായുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.